രചന : ബഷീർ ബഷീറ ✍️
നമ്മൾ നടന്നുതീർത്ത
വഴികളിലേക്ക് ഇടയ്ക്കൊക്കെ
ഒന്നു തിരിഞ്ഞുനോക്കണം ….
തിടുക്കപ്പെട്ട്
എങ്ങോട്ടൊക്കെയോ
എന്തിനെന്നില്ലാതെ
ഓടിപ്പോയതിൻ്റെ പാദമുദ്രകൾ
ആ വഴിയിൽ കാണാം.
ആ ഓട്ടത്തിനിടയിൽ
വഴിയരികിൽ പൂത്തുനിന്ന
ചെറിയ കാട്ടുപൂക്കളെ നമ്മൾ
കണ്ടില്ലെന്ന് നടിച്ചിട്ടുണ്ടാവും..
വഴി ചോദിച്ചു നിന്ന
അപരിചിതനെ
അവഗണിച്ചിട്ടുണ്ടാവുo….
ഒടുവിൽ
ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ,
അവിടെ കൂട്ടിന് ആരുമില്ലാതെ
തനിച്ചാകുമ്പോഴാണ്
മനുഷ്യൻ പഴയ വഴികളിലേക്ക്
വെറുതെ കണ്ണോടിക്കുന്നത്.
അന്ന് അവിടെയൊന്ന്
നിന്നിരുന്നെങ്കിൽ,
ആ പൂവിനെ ഒന്ന് തൊട്ടിരുന്നെങ്കിൽ,
ആ മനുഷ്യരോട്
ഒന്നു സംസാരിച്ചിരുന്നെങ്കിൽ…
നമ്മളെ നോക്കി പുഞ്ചിരിച്ച
ആ മനുഷ്യനോട്
തിരികെയൊന്ന് ചിരിച്ചിരുന്നെങ്കിൽ.
എന്തോ സംസാരിക്കാൻ
അടുത്തേക്കു വന്ന
ഏതോ ഒരു മനുഷ്യനെ
ഒന്നു കേട്ടിരുന്നെങ്കിൽ …
അങ്ങനെയങ്ങനെ
ചെയ്യാമായിരുന്നു എന്ന ചിന്തകൾ
മനസ്സിൽ കനലായി മാറുന്നത്
അവസാനത്തിലാണ്.
ഒരു തയ്യൽക്കാരൻ
തുണി മുറിക്കുന്നത് പോലെയാണ്
ജീവിതത്തിലെ ചില തീരുമാനങ്ങൾ.
കത്രിക തുണിയിലൂടെ കടന്നുപോകുമ്പോൾ
ഒരു നിമിഷത്തെ അശ്രദ്ധ മതി,
വസ്ത്രത്തിന്റെ രൂപം മാറും…
വെട്ടിമാറ്റിയ കഷണങ്ങൾ
പിന്നീട് എത്ര തുന്നിപ്പിടിപ്പിച്ചാലും
ഉദ്ദേശിച്ച ഭംഗി വരില്ല….
പറയുന്ന വാക്കുകളും
എടുക്കുന്ന തീരുമാനങ്ങളും ഇതുപോലെയാണ്.
ദേഷ്യത്തിന്റെയോ
വാശിയുടെയോ ഒരു നിമിഷത്തിൽ
നമ്മൾ ഇറങ്ങിനടക്കുമ്പോൾ,
കൂടെയുള്ളവരുടെ
കണ്ണുകളിൽ പടരുന്ന ശൂന്യത
നമ്മൾ കാണാറില്ല.
വർഷങ്ങൾക്ക് ശേഷം,
ആ മനുഷ്യർ നമ്മുടെ ജീവിതത്തിൽ
ഇല്ലാതാകുമ്പോൾ..
തനിച്ചിരുന്ന് പഴയ ഓർമ്മകളെ മറിച്ചുനോക്കുമ്പോഴാണ്
ആ പഴയ തെറ്റുകളെ തിരുത്താൻ
നമ്മൾ കൊതിക്കുന്നത്….
അന്ന് അങ്ങനെ പറയാമായിരുന്നു.
അന്ന് അങ്ങനെ ചെയ്യാമായിരുന്നു
അന്ന് അങ്ങനെ പറയേണ്ടിയിരുന്നില്ല ..
അങ്ങനെയങ്ങനെ
ഒരു പുഴ
ഒഴുകുന്നത് പോലെയാണ്
കാലം ഒഴുകുന്നതും !
അതിൽ നമ്മൾ
കൈക്കുമ്പിളിൽ കോരിയെടുക്കുന്ന
വെള്ളം മാത്രമാണ് നമ്മുടേത്…
ബാക്കിയെല്ലാം
ഒഴുക്കിൽപെട്ട് പോവുകയാണ്….
അവസാനത്തിലെത്തുമ്പോൾ
ഭൂതകാലത്തിന്റെ ഒഴുക്കിലേക്ക്
തിരികെ നീന്താൻ
മനുഷ്യരൊക്കെ ആഗ്രഹിക്കും …
അവസാനത്തിൽ നിന്ന്
തുടക്കത്തിലേക്ക് നോക്കി
നെടുവീർപ്പിടുന്നതിനേക്കാൾ…
തിരുത്താമായിരുന്നു എന്ന്
പശ്ചാത്തപിക്കുന്നതിനേക്കാൾ,
ഓരോ തുടക്കവും
മനോഹരമാക്കുന്നതല്ലേ
ഏറ്റവും നല്ലത് !!
എടുത്തുചാട്ടങ്ങളില്ലാതെ,
ക്ഷമയോടെ ശാന്തതയോടെ
വിവേകത്തോടെ ചിന്തയോടെ
ഓരോ തുടക്കവും
മനോഹരമാവട്ടെ !!
തിരുത്താൻ കഴിയാത്ത
ഭൂതകാലത്തിനും,
പ്രവചിക്കാൻ കഴിയാത്ത
ഭാവികാലത്തിനും
ഇടയിലാണ് ജീവിതം !!
അവസാനത്തിലിരുന്ന്
തുടക്കത്തിലേക്ക്
തിരിഞ്ഞു നോക്കുമ്പോൾ
കുറ്റബോധം തോന്നാതിരിക്കട്ടെ …
