മുന്നോട്ടുപോകുന്ന മർത്യന്റെ ജീവിതം
പിന്നോട്ടടിക്കുന്ന ബോധ വിജ്ഞാനങ്ങൾ
നന്നേതകർക്കുന്നു ഭീകര മാർഗത്താൽ
മന്നിലീമർത്യന്റെ യുദ്ധക്കൊതിയാലും.
രക്ഷയും ശിക്ഷയും കല്പിച്ചിടുന്നവർ
രാക്ഷസഭാവങ്ങൾ പൂകുന്നു ഭൂമിയിൽ
മർത്യജന്മങ്ങളെ ഹോമിച്ചു തീർക്കുവാൻ
അത്യാഗ്രഹങ്ങളെ കൂട്ടുപിടിക്കുന്നു.
നേട്ടം ലഭിക്കുന്നതാർക്കാണു, കൂട്ടരേ!
നോട്ടം പിഴച്ചവർ ക്രൂരത കാട്ടവേ
മത്സരം തന്നെയീ മർത്യനു ഭത്സനം
കുൽസിത ചിന്തയെ ഉത്സവമാക്കവേ.
ക്ഷോഭവിക്ഷോഭത്താൽ ശോഭകെട്ടീടുന്ന
ക്ഷോണിയെ നാശത്തിൻ വക്രത്തിലാക്കുന്നു
വിക്രമാതിക്രമം കാട്ടുന്നു ഭൂപതി
ചക്രശ്വാസം വലിച്ചീടുന്നു ധീമതി.
അന്ധകാരത്തിന്റെ മക്കളീഭൂമിയെ
വന്ധ്യയാക്കീടുന്നു സന്തതം വൃത്തിയാൽ
സുന്ദരമാക്കേണ്ട കൈകളാൽ സർവ്വവും
ബന്ധനം ചെയ്യുന്നീ ബുദ്ധിരാക്ഷസന്മാർ.
മർത്യജന്മങ്ങളെ ഇല്ലായ്മ ചെയ്യലോ
സ്തുത്യർഹമെന്നിവർ കാണുന്നു പൂഴിയിൽ
കർത്തവ്യ ബോധത്തെ,യിത്ര നിസ്സാരമായ്
മർത്യസംസ്കാരങ്ങൾ കാണുന്നതെങ്ങനെ?

തോമസ് കാവാലം

By ivayana