പഞ്ചായത്തിലെ
പ്രധാന സുന്ദരിയുടെ കല്യാണമാണ്.
അവളുടെ നുണക്കുഴി വാർഡിലെ
കാമുകരുടെ സമ്മേളനം തുടങ്ങി.
കണ്ണിന്റെ ആരാധകർ
കവലയിൽ കൂടി.
ചിരിയുടെ ഫാൻസ്
ചിന്താവിഷ്ടരായി.
കഴുത്തിലെ
കാക്കപ്പുള്ളി മോഹികൾ
കരച്ചിലിലാണ്.
അരക്കെട്ടിന്റെയും
അന്നനടയുടെയും
അസോസിയേഷൻകാർക്ക്
ആത്മസംയമനം നഷ്ടമായി.
ചുംബനക്കൊതിയന്മാരുടെ
ചുണ്ടിൽ
സിഗരറ്റിന്റെ
നോൺ സ്റ്റോപ്
ലിപ് ലോക്കുകൾ
ആലിലവയർ പ്രേമികളും
പൊക്കിൾച്ചുഴി നോക്കികളും
അവളൊഴിഞ്ഞുപോയ കരൾ
മദ്യം കൊണ്ട് നിറയ്ക്കുന്നു.
എവിടെനിന്നോ
ആ ട്രാജഡി സീനിലേക്ക്
പാറിവന്ന
ഒരൊറ്റ ഡയലോഗ്‌
തണുത്ത
കിങ്ങ് ഫിഷർ ബിയർ പോലെ
എല്ലാവരുടെയും ഉള്ളം തണുപ്പിച്ചു:
“ചെക്കനെ കണ്ടാ…. അയ്യേ..!..
ഓൾക്ക് അതുതന്നെ വേണം.

By ivayana