പല കാരണങ്ങൾകൊണ്ടും
അച്ഛനമ്മമാർക്ക് നോക്കാൻ കഴിയാതെ,
ഒരു വയസ്സിൽ താഴെയുള്ള ഒരു കുഞ്ഞിനെ
അമ്മയുടെ കുടുംബം ഏറ്റെടുത്ത് വളർത്തി.

കുഞ്ഞിനെ പൊന്നുപോലെ നോക്കിയ
ഇളയമ്മയുടെ വിവാഹം കഴിയുന്നതുവരെ
ആ വീട് അവൾക്ക് വീടായിരുന്നു.

ഇളയമ്മ പോയതോടെ
ആ വീട്ടിൽ അവൾ ഒറ്റപ്പെട്ടു.

അപ്പോൾ അവളുടെ ആകെ ആശ്വാസം
സ്കൂൾ മാത്രമായിരുന്നു.

വല്ലപ്പോഴും വന്നു പോകുന്ന അമ്മയോട്
“എന്നെയും കൂടെ കൂട്ടിക്കൊണ്ടുപോകണം”
എന്ന് കരഞ്ഞും കാലുപിടിച്ചും
ആ കുഞ്ഞ് പറഞ്ഞിരുന്നു.

അമ്മ
അതൊന്നും കേട്ട ഭാവം നടിച്ചില്ല.

കഴിക്കാനും കുടിക്കാനും ഉടുക്കാനും
നല്ലത് മാത്രം കിട്ടിയിരുന്നു അവിടെ.

അതിന് ഇളയമ്മാവൻ പണം ചെലവാക്കി.
എല്ലാ ക്ലാസിലും അവൾ നന്നായി പഠിച്ചു.
അവർ ചെലവാക്കിയ പണം
ഒരിക്കലും പാഴായിപ്പോയില്ല.

എഴുത്ത്,
നാടകം,
മത്സരങ്ങൾ—
അവളുടെ ലോകത്തേക്കുള്ള
ചെറിയ വാതിലുകളായിരുന്നു.

പക്ഷേ,
ഒരു കുഞ്ഞിന്
അത്രയുമാത്രമാണോ വേണ്ടത്?

അമ്മയുടെയും അച്ഛന്റെയും സ്നേഹം,
കരുതൽ,
തന്റെ കുഞ്ഞുമനസ്സിലുള്ളത്
തുറന്നുപറയാൻ ഒരിടം;
അതൊന്നും ഭക്ഷണത്തിന്റെയോ
വസ്ത്രത്തിന്റെയോ വിലയ്ക്ക് കിട്ടുന്നതല്ല.

പക്ഷേ നല്ല വസ്ത്രവും
നല്ല ഭക്ഷണവും കൊടുത്താൽ
കുഞ്ഞിനെ നന്നായി വളർത്തിയെന്ന്
കരുതിയവരായിരുന്നു അവർ.

കൂട്ടുകാരില്ലാതെ,
മനസ്സിലുള്ളത് തുറന്നു പറയാൻ
ഒരാളുമില്ലാതെ,
എല്ലാം ഉള്ളിലൊതുക്കി
ആ കുഞ്ഞിന്റെ മനസ്സ്
ഭയത്തിന്റെ കുപ്പായം പുതച്ചു.

അങ്ങനെ
എട്ടാം ക്ലാസ് വരെ ജീവിതം കടന്നുപോയി.

അപ്പോഴാണ്
ഒരു പുതിയ കഥാപാത്രം രംഗത്തെത്തുന്നത്.

പിന്നെ,
ശാരീരികമായും മാനസികമായും
*ടോക്സിക് പേരന്റിംഗ്.

സ്കൂളിലെ ക്ലാസ് മുറിയിലൊഴികെ
ബാക്കി എല്ലായിടത്തും
നിരീക്ഷണത്തിനുള്ള കണ്ണുകൾ.

എതിരെ വരുന്നത് ആരെന്ന് പോലും
നോക്കാതെയുള്ള നടത്തങ്ങൾ.

എഴുത്തും നാടകവും ഒളിച്ചുവെച്ചായിരുന്നു.

കാരണം,
വളർത്താൻ പണം മുടക്കിയവർക്ക്
അതൊന്നും പ്രശ്നമായിരുന്നില്ല.

പക്ഷേ,
കാലം തെറ്റി വന്നു ചേർന്നവർക്ക്
അതൊക്കെ അധികപ്രസംഗമായിരുന്നു.

ഭയന്നും വിറച്ചും മൂന്ന് വർഷങ്ങൾ.

പുറമേ നിന്ന് നോക്കുന്നവർക്ക്
എല്ലാം നന്നായി പോകുന്നു.

പക്ഷേ ആ കുഞ്ഞിന്റെ ഉള്ളിൽ
ഇവിടെ എഴുതിപ്പറയാൻ കഴിയാത്തത്ര
മാനസിക ആഘാതങ്ങൾ
അപ്പോഴേക്കും പെയ്തിറങ്ങിയിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ;

“ഇനിയും ഇവിടെ നിന്നാൽ
ഞാൻ ആത്മഹത്യ ചെയ്യും”

എന്ന് പറഞ്ഞതുകൊണ്ട് മാത്രം
അവളെ സ്വന്തം വീട്ടിലേക്ക്
തിരിച്ചുകൊണ്ടുവന്നു.

പക്ഷേ കൂടപ്പിറപ്പിന്
അതൊട്ടും ഇഷ്ടമായിരുന്നില്ല.

തല്ലിയും,
തല്ലു കൊള്ളിച്ചും,
പഴിച്ചും,
ഉപദ്രവിച്ചും
ആ കുഞ്ഞിനെ വീണ്ടും തകർത്തു.

അന്നും ഇന്നും
ആ അച്ഛനും അമ്മയും,
അവർ വളർത്തിയ കുഞ്ഞിന്
കൂട്ടുനിന്നു.

എല്ലാത്തിനും
“വളർത്തുദോഷം”
എന്നൊരു പേര് നൽകി
കുറ്റം അവളുടെ മേൽ ചാർത്തി.

അവിടെ അവൾക്ക് കൂട്ടായി
അച്ഛച്ചനും അച്ഛമ്മയും ഉണ്ടായിരുന്നു.

മൂന്നോ നാലോ വർഷം മാത്രം
അച്ഛച്ചനൊപ്പം ഉണ്ടായിരുന്നെങ്കിലും,
കുറെയേറെ വർഷങ്ങളുടെ സ്നേഹം
പങ്കുവെച്ചിട്ടാണ്
അദ്ദേഹം പോയത്.

ഒടുവിൽ
സ്വന്തം ജീവിതത്തിനായി
സമരം ചെയ്ത്
ഒരു വിവാഹം കഴിച്ചു.

അതോടെ
“വളർത്തിയതിന്റെ കണക്ക്”
അവസാനിച്ചെന്ന്
അവൾ കരുതി.

പക്ഷേ ഇല്ല.

ആ കുഞ്ഞ് വളർന്നു.

പ്രായപൂർത്തിയായി.
വിവാഹിതയായി.
അമ്മയായി.

എന്നിട്ടും,
ഒരു ശാപം പോലെ
“വളർത്തുദോഷങ്ങൾ”
അവളെ പിന്തുടർന്നുകൊണ്ടിരുന്നു.

ആഹാരവും വസ്ത്രവും നൽകിയാൽ
ഒരു കുഞ്ഞിന്റെ മനസ്സിലെ
ചിന്തകൾക്കും ആഗ്രഹങ്ങൾക്കും
ശമനം ഉണ്ടാകുമെന്ന് കരുതിയ
മാതാപിതാക്കൾക്ക്
ഇന്നും മാറ്റമില്ല.

അവൾ ഏറ്റുവാങ്ങിയ
അസ്വസ്ഥതകൾക്കും ഉപദ്രവങ്ങൾക്കും
അവളെ വളർത്താൻ ചെലവാക്കിയ പണം
പരിഹാരമായിരുന്നുവെന്ന്
അവർ ഇന്നും കരുതുന്നു.

പക്ഷേ,

ഉറങ്ങാത്ത രാത്രികൾ
അവൾക്ക് സമ്മാനിച്ചത്
അവളുടെ കുട്ടിക്കാലത്തെ
ട്രോമയാണെന്ന്
അവർ അറിയേണ്ടതില്ല.

ശ്രദ്ധിക്കാൻ ആളില്ലാതെ
ഒടിഞ്ഞും വളഞ്ഞും പോയ
അവളുടെ കുഞ്ഞൻ വിരൽ
അവർ കാണേണ്ടതില്ല.

കാരണം,
പണം ഉണ്ടെങ്കിൽ
എല്ലാം തീർന്നുവെന്ന്
കരുതുന്ന ബന്ധങ്ങളാണ് ചിലത്.

പണം
ബന്ധങ്ങൾക്കും,
മനുഷ്യനും,
മനുഷ്യത്വത്തിനും
മീതെ വയ്ക്കപ്പെടുന്നിടത്ത്,

*സ്നേഹത്തിന് എന്ത് വില?

ഇത് ഒരു പരാതിയല്ല.
ഒരു കണക്കെടുപ്പുമല്ല.

വളർത്തിയതിന്റെ പേരിൽ
ഒരു കുഞ്ഞിന്റെ ജീവിതകാലം മുഴുവൻ
അവളുടെ മേൽ ചുമത്തിയ
“വളർത്തുദോഷങ്ങളുടെ”
കണക്ക് തീർക്കാനുള്ള
അവസാന വരിയാണ്.

ഇനിയുമെഴുതിയാൽ
കണക്കുകൾ ഏറിപ്പോകും.

പറയാതെ വെച്ചിരിക്കുന്ന
വേദനകൾക്കും
ഒരുദിവസം
വാക്കുകളുണ്ടാകും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *