രചന : സജീദ്ആയങ്കി ✍️
അങ്ങനെയവൾ മരണപ്പെട്ടപ്പോൾ
അവളുടെ ഫേസ്ബുക്ക്
പ്രൊഫൈലിലേക്കുപോയി
അൺഫ്രണ്ട് ബട്ടണിലേക്ക്
നോക്കിയപ്പോൾ ഇനിവരില്ലേയെന്ന
ഒറ്റവരിയിവിടെ എന്നെനോക്കി
ഇതളുകൾ തുടക്കുന്നു,
പ്രൊഫൈലിലെ കറുത്തറോസാപ്പൂവിപ്പോൾ
പാതിയിൽ മുറിഞ്ഞയവളുടെ
സ്വപ്ന മ്യൂസിയം.
എത്രയെത്ര കവിതകളിലാണവൾ
ഹൃദയമുറിവുകളെ സാരമില്ലെന്ന
വാക്കുകൾ കൊണ്ട് തലോടിയുറക്കിയത്,
നാളെയൊരുനാൾ ഞാനും
ചിരിക്കുമെന്ന അപൂർവ്വ
ചന്ദ്രനെ വരച്ചുകാട്ടിയത്,
എത്രയെത്ര വിഷാദങ്ങളെയാണവൾ
കവിതകൾ കൊണ്ട് പകരം വീട്ടിയത്,
അവളുടെ വരികളെല്ലാമിപ്പോൾ
അവളുടെ കണ്ണിലെക്കനലുകൾ
നനഞ്ഞുറങ്ങിയ മഞ്ഞുപർവതം.
അവസാനമവളെഴുതിയ
കവിതവായിച്ചവരിൽ ഞാൻ മാത്രമാണവളെ അപ്പനെ വിളിച്ചതും
അമ്മയെ തെറിപറഞ്ഞതും
” എന്നതാടി നിനക്ക്
പറ്റിയതെന്ന് ” ചോദിച്ചതും,
ഞാൻ ചത്തുപോയാൽ
അൺഫ്രണ്ടടിച്ചു പോകുന്ന
പുല്ലല്ലയോടാ താനെന്ന്
എന്നോടവൾ പറഞ്ഞാൽ
ഞാൻ പിന്നെയെന്നാ ചെയ്യണം.
ചാവുന്നതിന് തലേന്ന്,
ക്ഷമിക്കണം നിശബ്ദമായി കൊല്ലപ്പെടുന്നതിനു തലേനാൾ
കെട്ടിയവൻ കഴുത്തിൽ പിടിച്ചതിന്റെ കറുത്തപാടുകൾ കൊണ്ട് കുറിച്ചിട്ട
ഒടുക്കത്തെ കവിതയുടെ ചുവടെ
മനോഹരമെന്നും കൊള്ളാമെന്നും
പറഞ്ഞവരിന്ന് ആദരാഞ്ജലിയും
ചുവന്ന റോസാപ്പൂക്കളും
വയ്ക്കുമ്പോൾ റിയാക്ഷൻ ബട്ടണിലിപ്പോൾ കണ്ണുനനഞ്ഞ ഇമോജിയല്ലാതെ മറ്റൊന്നുമില്ലയെന്നത്
കാണാതിരിക്കാൻ അൺഫ്രണ്ട്
ബട്ടണിലല്ലാതെ പിന്നെയെന്തിലാണ്
ഞാൻ അവസാനമായി ഒപ്പുവെക്കേണ്ടത്.
ഇന്നായിരുന്നവളുടെ ഒന്നാം ചരമവാർഷികവും അവളുടെ കവിതാസമാഹാരപ്രകാശനവും,
അവളുടെ കവിതകളെ മനോഹരമെന്നു പറഞ്ഞയൊരാളെങ്കിലും
അവിടെ വന്നിരുനെങ്കിൽ.
എന്നോടവൾ അവസാനമായി
പറഞ്ഞത് ജീവിച്ചിരിക്കുമ്പോൾ
പത്തുപതിനൊന്നു പേരെങ്കിലും നമ്മളെയോർക്കാൻ വേണമെന്നാണ്.
“അതെന്തായൊരു
പതിനൊന്നിന്റെ കണക്ക് ?”
“പത്തിനുമാത്രമിവിടെ ജീവിച്ചാൽ പോരല്ലൊ ഒന്നിനും പതിനൊന്നിനുമൊക്കെയിവിടെ ജീവിക്കണ്ടെ എനിക്കുമിവിടെ
ജീവിക്കണ്ടെ.”

