രചന : നുസൈബ സുലൈമാൻ ✍️
എന്റെ വീടിനടുത്തു വാടകക്ക് താമസിക്കുന്ന ഹയർസക്കെന്റ്റി അദ്ധ്യാ പികയാണ് രമ്യ ..
അവരുടെ വീട് ആലപ്പുഴയിലാണ്..
എന്റെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ പോയാൽ മതി സ്കൂളിലേക്ക്….
ഞങ്ങൾ അങ്ങനെ വലുതായി അടുപ്പമൊന്നും ഇല്ല. ഇടയ്ക്ക് പുസ്തകങ്ങൾ ഒക്കെ കൈമാറും, അത്രമാത്രം..
ചിലപ്പോഴൊക്കെ എന്റെ വീട്ടിൽ തുളസിയില പറിക്കാൻ വരും..
എന്തെങ്കിലുമൊക്കെ സംസാരിക്കും..
കുറച്ചു ദിവസങ്ങൾക്കു മുൻപ് അവരുടെ വീട്ടിൽ ഒരു പതിനാറു വയസ്സ് ഒക്കെ പ്രായമായ ഒരു പെൺകുട്ടിയെ കണ്ടു..
അവരുടെ ബന്ധു ആരെങ്കിലുമാവുമെന്ന് ഞാൻ കരുതി..
അതിന്റെ പിറ്റേ ദിവസം അതി രാവിലെ ടീച്ചർ വന്നു കോളിങ്ബെൽ അടിച്ചു…
” നുസൈബ തിരക്കിലാണോ ഒന്നവിടം വരെ വരാമോ എന്ന് ചോദിച്ചു ”.
ഞാനവിടെ ചെല്ലുമ്പോൾ ആ പെൺകുട്ടി കാലിൽ മുഖം ചേർത്ത് വെച്ച് ഇരിക്കുകയാണ്…
ടീച്ചർ കയ്യിൽ ഒരു ഗ്ളാസ് ചായയുമായി അവളുടെ അടുത്ത് നിൽക്കുന്നു…
”എന്താ എന്ത് പറ്റി” എന്ന എന്റെ ചോദ്യത്തിന് ആ കുട്ടി എന്റെ മുഖത്തേക്ക് ഒന്നു നോക്കി…
ഒന്നും മിണ്ടാതെ എഴുന്നേറ്റു ജനലഴിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു
അവൾ അതീവ സുന്ദരിയായിരുന്നു
മുടി വളരെ മനോഹരമായി രുന്നു അവളുടെ ..
ആഴമുള്ള വിടർന്ന കണ്ണുകൾ…
ഇളം ചുവപ്പാർന്ന ചെറിയ ചുണ്ടുകൾ, എല്ലാം ചേർന്നു നോക്കി നിൽക്കാൻ തോന്നുന്ന സൗന്ദര്യത്തിന് ഉടമയായിരുന്നു ആ കൊച്ചു പെൺകുട്ടി…
❤️🌿
ടീച്ചർ എന്നെ മാറ്റി നിർത്തി.
പറഞ്ഞു ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്..
”ഇഹ” കുറച്ചു ദിവസമായി പഠനത്തിൽ വളരെ പിന്നോക്കം നിൽക്കുന്നു ഏതു സമയവും ചിന്ത, ചിലപ്പോൾ കരയുന്നുവെന്നും എനിക്ക് തോന്നിയിരുന്നു..
അവൾ വളരെ മിടുക്കി ആയിരുന്നു…
എന്നാൽ ഈയിടെ അവളെ എന്തോ അലട്ടുന്നു എന്നെനിക്കു മനസ്സിലായി…
മിനിഞ്ഞാന്ന് അവൾ വളരെ അവശയായി കാണപ്പെട്ടു തല കറങ്ങി..
ഞാൻ അവളോട് കാര്യം തിരക്കിയപ്പോൾ ഭക്ഷണം കഴിച്ചില്ല എന്നാണ് പറഞ്ഞത്..
വീട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞപ്പോൾ ”വേണ്ടാ വീട്ടിൽ പോകുന്നില്ല..
ഞാൻ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാറില്ല..
അപ്പച്ചിയുടെ വീട്ടിൽ നിന്നുമാണ് കഴിക്കാറ് അപ്പച്ചി ഇന്നലെ മുതൽ വീട്ടിലില്ല”.. എന്നുമാണ് അവൾ പറഞ്ഞത്…
പിന്നെ ഇഹ ഇന്ന് വീട്ടിൽ പോകാതെ എവിടെപ്പോകും എന്ന് ചോദിച്ചപ്പോൾ ”ഞാൻ ടീച്ചറുടെ വീട്ടിൽ വരട്ടെ ” എന്ന് ചോദിച്ചത്രേ..
ടീച്ചർ അവളുടെ അമ്മയോട് ഫോൺ ചെയ്തു പറഞ്ഞു ഇഹയെ കൂടെ കൂട്ടിയതാണ്…
എന്ത് ചോദിച്ചാലും ”മമ്മിയെ എനിക്കിഷ്ടമില്ല’ ഇതുമാത്രമാണ് അവൾ പറയുന്നത്..
❤️🌿
ഞാൻ അവളുടെ തോളിൽ കൈവെച്ചു…
മോളേ എന്താ നിനക്ക് പറ്റിയത്…
എന്താണെങ്കിലും തുറന്നു പറഞ്ഞോളൂ..
ഒട്ടും ഭയം വേണ്ടാ..
നിനക്ക് ഞങ്ങളെ വിശ്വസിക്കാം…
അവൾ ഭയപ്പാടോടെ അകന്നു മാറി…
ആ അഴകാർന്ന കണ്ണുകൾ നിറഞ്ഞു തുളുമ്പി…
ചുണ്ടുകൾ വിറച്ചു….
എന്റെ ഹൃദയവും ആർദ്രമായി…..😞
❤️🌿
ഇഹയുടെ പപ്പ വിദേശത്താണ്..
മമ്മിയും അവൾക്കു താഴെ ഒരനിയനും..
വളരെ സന്തോഷം നിറഞ്ഞ ജീവിതം…
മമ്മിയും അവളും സുഹൃത്തുക്കളെ പോലെ ആയിരുന്നു….
തന്റെ എല്ലാ കാര്യവും തുറന്നു പറഞ്ഞിരുന്നു അവൾ മമ്മിയോട്…
ഒരു ദിവസം വളരെ അപ്രതീക്ഷിതമായി അവൾ മമ്മിയുടെ ” ഒരു രഹസ്യബന്ധം” കാണാൻ ഇടയായി
ആ കൊച്ചു പെൺകുട്ടി മാനസികമായി ആകെ തകർന്നു….
അവൾ സംസാരിക്കാൻ തുടങ്ങിയതേ..
”എനിക്ക് മമ്മിയെ വെറുപ്പാണ് ” എന്ന് തുട ങ്ങിക്കൊണ്ടായിരുന്നു…
”എന്റെ പാവം പപ്പാ ”എന്ന് പറഞ്ഞു അവൾ എങ്ങലടിച്ചു കരഞ്ഞു…
അവളുടെ കൊച്ചരിപ്പല്ലുകൾ പലതവണ ഞെരിഞ്ഞമർന്നു….
മുടിയിഴകൾ മാന്തിപ്പറിച്ചു
കണ്ണുകളിൽ നിന്നും തീപ്പൊരി ചിതറി..
ആ കുട്ടിയുടെ മാനസികാവസ്ഥ എന്റെ ഉള്ളിൽ തീ കോരിയിട്ടു…
അവളുടെ പൊട്ടിത്തെറി തടയാൻ ഞങ്ങൾ ശ്രമിച്ചില്ല..
അവൾക്കു സംസാരിക്കാൻ ഇടം കൊടുത്തു…
കരയാനും ദേഷ്യപ്പെടാനും ചോദ്യങ്ങൾ ചോദിക്കാനും അനുവദിച്ചു…
അവളുടെ ഉള്ളിലെ വേദനയുടെ ഭാഷകളെ പെയ്യാൻ അനുവദിച്ചു….
❤️🌿
മമ്മിയെ എനിക്ക് വെറുപ്പാണ് അവൾ ആവർത്തിക്കുന്ന വാക്ക്…
യഥാർത്ഥത്തിൽ അത് വെറുപ്പാണോ…?
ആഴത്തിലുള്ള കോപവും വെറുപ്പും ഒരാളോട് തോന്നുന്നത് ആഴത്തിൽ നിന്നുമുള്ള സ്നേഹത്തിൽ നിന്നുമാണ്….
കുട്ടികൾക്ക് മുതിർന്നവരുടെ എല്ലാ സങ്കീർണ്ണതകളും മനസ്സിലാവാണമെന്നില്ല…
പക്ഷെ വിശ്വാസവഞ്ചന മനസ്സിലാക്കുന്നു…
അവൾക്കു അമ്മയെ നഷ്ടമായിരിക്കുന്നു..
ആ വേദന… ”പാവം അച്ഛൻ എന്ന തോന്നൽ അവളുടെ അച്ഛനോടുള്ള മുഴുവൻ സ്നേഹവുമാണ്.”
അച്ഛൻ ചതിക്കപ്പെടുന്നു എന്ന തോന്നൽ അവളിൽ ആ മനുഷ്യനെ പാവമാക്കുന്നു…
അമ്മയോടുള്ള സ്നേഹമത്രയും വെറുപ്പായി രൂപാന്തരപെട്ടിരിക്കുന്നു….
അമ്മ ഒരു മനുഷ്യയാണ്..
അമ്മയുടെ മാനസിക നിലയെ കുറിച്ചു നമ്മൾക്ക് അറിയില്ല..
ഒരു അവിഹിതം അതിൽ എപ്പോഴും അധികം കുറ്റവാളിയായി സമൂഹം കാണുന്നത് സ്ത്രീകളെ തന്നെയാണ്….
ദാമ്പത്യത്തിലെ വൈകാരിക അകലം, ആശയവിനിമയക്കുറവ്, ലൈംഗിക അസംതൃപ്തി, ഏകാന്തത, അംഗീകാരത്തിനുള്ള ആവശ്യം, വ്യക്തിത്വവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ഇതൊക്കെ ഇതിനു ആധാരമായി വരാവുന്നതാണ്…
കാരണം മനസ്സിലാക്കുന്നത് തെറ്റിനെ ന്യായീകരിക്കുന്നതല്ല…!
ഒരു തെറ്റിന്റെ പിന്നിലെ മനുഷ്യ മനസ്സിനെ മനസ്സിലാക്കുക എന്ന് മാത്രം..
അതേ സമയം ആ തെറ്റ് മറ്റൊരാളുടെ മനസ്സിൽ ഉണ്ടാക്കിയ മുറിവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിവേകം കാണിക്കണം…
മകളുടെ ഭാവി ഒരമ്മ മൂലം തകരാൻ പാടില്ല..!
കുട്ടി ആശയകുഴപ്പത്തിലാണ്…
ഇത്രനാളും വിശ്വസിച്ചത് സ്നേഹിച്ചത് സ്വന്തം അമ്മയെയാണ്..
ഒരു കുട്ടിക്ക് ഏറ്റവും വിശ്വാസം സ്വന്തം അമ്മയെ ആയിരിക്കും അതാണിവിടെ തകർന്നിരിക്കുന്നത്….
കുട്ടിയുടെ മാനസികാവസ്ഥ തിരിച്ചു കൊണ്ടു വരണം അതാണിവിടെ പ്രധാനം..
കുട്ടിയുടെ അമ്മയുമായിനേരിട്ടുകണ്ടു സംസാരിക്കാൻ രമ്യയോട് പറഞ്ഞു…
കുട്ടിയുടെ അവസ്ഥ പൂർണ്ണമായും മനസ്സിലാക്കി കൊടുക്കണം..
ഈ മുറിവിനെ അവഗണിക്കരുത് എന്നും അവഗണി ച്ചാൽ വർഷങ്ങളോളം അവളെ ഇത് വേട്ടയാടുമെന്നും
അമ്മയ്ക്കും മകൾക്കും പ്രത്യേകം കൗൺസിലിംഗ് സെക്ഷനുകൾ വേണ്ടി വരുമെന്നും അതിനു വിദഗ്ദതരെ സമീപിക്കേണ്ടതുണ്ടെന്നും അവരെ പറഞ്ഞു മനസ്സിലാക്കാൻ പറഞ്ഞു…
കുട്ടിയോട് ആദ്യം തന്നെ അമ്മ ക്ഷമ ചോദിക്കട്ടെ…
❤️🌿
കുട്ടികൾ പെട്ടെന്ന് കാണിക്കുന്ന പഠനത്തിലെ പിന്നോക്കാവസ്ഥ , ഭക്ഷണം ഒഴിവാക്കുക, ഒറ്റപെട്ടിരിക്കുക, അമിത മായ കോപം, വെറുതെ കരയുക, എന്നിവ കാണിക്കുന്നുവെങ്കിൽ ടീനേ ജ് പ്രശ്നം എന്ന് പറഞ്ഞു തള്ളിക്കളയരുത്…!
പെരുമാറ്റം പലപ്പോഴും മനസ്സിന്റെ ഭാഷയാണ്….
കേൾക്കപ്പെടുന്ന കുട്ടികൾ പതിയെ സുഖപ്പെടും..
പക്ഷെ മനസ്സിലാക്കപ്പെടാതെ ശിക്ഷിക്കപ്പെടുന്ന കുട്ടികൾ ഉള്ളിൽ നിശബ്ദമായി തകരും…!
❤️🌿
മോളേ ഇഹ നീ ഒറ്റയല്ലാ..
നീ ഇത്തരക്കാരിൽ അനേകരിൽ ഒരുവൾമാത്രമാണ്… ഞാനുമൊരമ്മയാണ്…
കരയൂ… മതി വരുവോളം.. നീ എന്നെ കെട്ടിപിടിച്ചോളൂ….
ഇഹ പതിയെ ശാന്തയായി…
രമ്യയും ഇഹയും വണ്ടിയിൽ കയറി ഇഹ കൈവീശി എന്നോട് യാത്ര പറഞ്ഞു…
അവളും അവളുടെ ജീവിതവും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും എന്ന പ്രതീക്ഷയോടെ ഞാനും എന്റെ വീട്ടിലേക്ക് തിരികെ നടന്നു…. ☺️
