രചന : ദിവ്യ ജാനകി ✍️
ഈ രാധക്കിതു മതി
കോർത്തു വെച്ചൊരീ
പവിഴമല്ലി പൂക്കൾ വാടാതെ
നിൻ കരതലത്തിൽ
ചേർന്നു നിന്നൊരാ
ഇഷ്ടരാത്രി മതി…
നൂപുര ധ്വനി വേണുഗാനം,
നീർമഴച്ചാറ്റൽ, പൂക്കടമ്പിൻ
ചാരെ ഒഴുകും ലോല കാളിന്ദി
പട്ടുതൂവൽ തോൽക്കുമാ
കരലോല സ്പർശത്താൽ
അഷ്ടപതിയായി മാറിയെൻ
പ്രിയ മൗനമോഹങ്ങൾ…….
എത്ര ജന്മം വേവലാതി തൻ
വേദനക്കടൽ തീരെ ഞാൻ
ഒറ്റ വെൺ ചെരാതെരിയുമീ
മൺകുടിലിലെന്നുമേയേകയായി
എങ്കിലും നിൻ പൊന്നശോകം
പൂക്കുമാചെഞ്ചോടികളാൽ
ദൂരതാരക പൂവൊന്നിറുത്തു നീ
എന്റെ കൺകളിൽ ചേർക്കവേ
ഒറ്റ മാത്ര തൻ നിർവൃതി കനകമഞ്ചീരദുന്ദുഭി………
രാവെളുപ്പിൽ നിന്റെ
പ്രേമ കല്ലോലിനി രാഗം
ചൂടി നാമിരുന്നൊരാ
ശാലിനി തീരം
ചേർത്തുനിർത്തി നീ
രാഗവിവശയാമെന്നെ
നിൻ മാറിൽ
നിന്റെ ഊഷ്മള
സ്നേഹധാരതൻ
പൂനിലാമഴയിൽ
ശോകമൂകമാമെന്റെ ജന്മം
സഫല സായൂജ്യം…….
ഈ രാധക്കിതു മതി
കോർത്തു വെച്ചൊരീ
പവിഴമല്ലി പൂക്കൾ വാടാതെ
നിൻ കരതലത്തിൽ
ചേർന്നു നിന്നൊരാ
ഇഷ്ട രാത്രി മതി………

