രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ,✍️
1.അകലെപ്പടിഞ്ഞാറ് ലോകബാന്ധവൻ ചാഞ്ഞു
വയലിൽ പണിചെയ്‌വോർ
വേല നിർത്തിപ്പോയ്ത്തീർന്നു
വിശ്രമമെടുക്കുവാനായി യാവഴിമുക്കിൽ
സുസ്ഥിരമുയർന്നൊരു സുന്ദരഹർമ്യം കാൺമൂ.
2.അന്തിപ്പൊൻകതിർ കൊണ്ട് ചെഞ്ചായമിട്ട് ലോക-
ബാന്ധവൻ കറ്റക്കതിർ പ്പൊന്നണിക്കുന്നിന്മേലും
ഹാ! വിശാലമാം നീലനീരദ പാടം –
ആ വീടിൻ മുന്നിൽ കാൺമൂ നോക്കിയാൽ നോക്കെത്താതെ.
3.ആരോഗ്യസമ്പന്നരാമദ്ധ്വാനിപ്പോരെ സ്വയ –
മാരോ സൽക്കരിക്കുന്നിതാ വയനാടാം ദേവി
കാരുണ്യം വർഷിക്കയാലൈശ്വര്യമേറുന്നൊരാ-
ളാണതിന്നുടമസ്ഥനെന്നറിഞ്ഞാലും
4.ഇരുളിൽ ഭയപ്പെട്ട് പറക്കും പതംഗങ്ങൾ
ഇടയിൽ നിന്നെന്തോ നോക്കി നോക്കിപ്പായുന്നു
വഴിയിൽ കൂട്ടം കൂടിയാടുമാടുകൾ കണ്ണീർ –
വഴിയും കണ്ണാൽ നോക്കി ദീർഘമായ് നിശ്വസിപ്പൂ.
5.അമ്പരത്തെരുവിലേക്കോടി വന്നൊരു നേര-
മമ്പരന്നു നിന്നുടൻ താരകക്കളിക്കുട്ടി
നടക്കാവിലായ് നീളെയിരുന്നും താനേ വഴി –
നടക്കാൻ വയ്യാതെയായിരുന്നും നിരങ്ങിയും
6.കീറി നാറിയ കച്ചയരയിൽ ചുറ്റി, കരി-
ഞ്ഞോരു കോലമായി വരുന്നുണ്ടൊരു രൂപം
ഉണങ്ങിയൊടിഞ്ഞുള്ള മാവിന്റെ കൊമ്പു പോലെ
ഇരുന്നവനൊരിടത്ത് കൈകാലുകൾ നീട്ടി
7.പേടിച്ചു വഴിമാറിയൊഴിഞ്ഞു പകൽ ഒറ്റ-
ക്കോടി വന്നൊരു മന്ദമാരുതൻ നടുങ്ങിപ്പോയ്
പിച്ചപ്പാത്രവും കൈയിലേന്തിയാ വഴിപോക്കൻ
കൊച്ചു ചാത്തന്റെ വീട്ടിലത്താഴത്തിനായ് കേറി
8.ഭൂതാനുകമ്പാപൂർവ്വമതിഥിക്കുപചാര-
മാചരിച്ചദ്ദേഹത്തെ സ്വീകരിച്ചിതു ചാത്തൻ
പെട്ടെന്ന് നീലി തൻ കണ്ഠത്തിൽ നിന്നുതിർന്നൊരു
ഗദ്ഗദാക്ഷരം പൊട്ടി”യെൻ തമ്രാൻ “- നിശ്ചലം നിന്നു വിശ്വം.
