ചിരി പണ്ടുമുണ്ടായിരുന്നു
അന്നു ചതിയൊട്ടുമില്ലായിരുന്നു
ചിരിയിന്നു ചിറകറ്റുപോയി
ചതിയതിൽനിറഞ്ഞു നിൽപ്പൂ…
വഴി പണ്ടുമുണ്ടായിരുന്നു
ആ വഴി നന്മനിറഞ്ഞതായിരുന്നു
വഴിയിന്നു വഴിമാറിപ്പോയി
വഴിയിൽ വഴിവിട്ടകളികളാണത്രേ !
മൊഴിയന്നുമുണ്ടായിരുന്നു
മൊഴിയിൽ വഴികൾ തുറന്നിരുന്നു
മൊഴിയിന്നു മൊഴിയുന്നുവത്രേ
യാത്രാമൊഴി തന്റെയടയാളമായി
പഴിയന്നും പറയുമായിരുന്നു
പഴിച്ചാലും പരിഭവമില്ലായിരുന്നു
പഴിയിന്നു കഴിവുകൾതേടി
പഴിചൊല്ലാൻ കഴിവുകൾനേടി
ചതിയന്നുമുണ്ടായിരുന്നു
ചതിയിൽച്ചതിക്കുഴിയില്ലായിരുന്നു
ചതിയിന്നു ഭീഷണിയായി
ചതി കൊലച്ചതിയായിന്നു മാറി
കളി പണ്ടുമുണ്ടായിരുന്നു
അതിൽ കളിചിരിയുണ്ടായിരുന്നു
കളിയിന്നു കളംമാറിയല്ലോ
കള്ളക്കളിമാത്രം കളിയായല്ലോ…
പശിയന്നെല്ലാവർക്കുമുണ്ടയിരുന്നു
പശിയെ പഴിക്കാറില്ലായിരുന്നു
പശിക്കുന്നവനെയിന്നു തിരയുന്നു
പശിയറിയാത്തവർ തല്ലിക്കൊല്ലുന്നു
മനുഷ്യനന്നുമുണ്ടായിരുന്നു
അവൻ നിഷ്കളങ്കനായിരുന്നു
മനുഷ്യനിന്നിവിടെയുണ്ടോ ?
ഇടുങ്ങിയമനസ്സൊന്നു തുറന്നുനോക്കൂ…

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *