രചന : റുക്സാന ഷമീർ ✍️
അവൾ അസ്വസ്ഥയായിരുന്നു …..
ഏറെ നേരം കാത്തിരുന്നിട്ടും കാണാതായപ്പോൾ
എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു
കാച്ചിയ എണ്ണ മുടിയിലൂടെ ഒഴുക്കി
പുതുമണം മാറാത്ത
തെളിഞ്ഞ മെഴുക്ക് ദേഹത്തു പുരട്ടി
നിറയെ വെള്ളം തേവി ദേഹം തണുപ്പിച്ച് വിസ്തരിച്ചു കുളിച്ചു …..!
ദേഹത്തു പറ്റിയ വെള്ളത്തുള്ളികളെല്ലാം
ട്ടവ്വൽ കൊണ്ട് ഒപ്പിയെടുത്തു….
എണ്ണമയം പോകാതെ അവളുടെ തൊലിപ്പുറം
മിനുക്കത്തോടെയിരുന്നു
തല നന്നായി തുവർത്താതെ
അവളുടെ തലമുടിയിൽ നിന്നും
വെള്ളത്തുള്ളികൾ ഇറ്റു വീഴുന്നുണ്ടായിരുന്നു ……!!
പ്രതീക്ഷിച്ച ആരോ എത്താതിരുന്നതു
പോലെ അവൾ അസ്വസ്ഥയായിരുന്നു….!!
അവൾ ബെഡ് റൂമിലേക്കു വന്ന്
ഏതോ നേരിയ സുഗന്ധമുള്ള ക്രീം മുഖത്തും കഴുത്തിലും
കൈകളിലും പുരട്ടി …..!!
കണ്ണാടിക്കു മുൻപിൽ കണ്ണെഴുതി ……
ഒന്നു കണ്ണെഴുതുമ്പോഴേക്ക്
അവൾ അതിസുന്ദരിയായി …..
കണങ്കാലിൽ നൂലുപോലെ നേർത്ത
പാദസരം അണിഞ്ഞു ……!!
വെള്ളക്കല്ലുവെച്ച കുഞ്ഞു കമ്മൽ അണിഞ്ഞു
മുടിചീകിയൊതുക്കി. ഒരുക്കം കഴിഞ്ഞപ്പോൾ
അവൾ അയൽപ്പക്കത്തേക്ക്
ഇടക്കിടെ നോക്കി കൊണ്ടിരുന്നു …..!!
തുറന്നു കിടന്ന ജനലിലൂടെ
ആ വീട്ടിലെ ആരെയോ അവൾ കണ്ണുകൾ
കൊണ്ട് പരതുന്നുന്നതുപോലെ……
ആ വീട്ടിൽ നിന്നും ആരോ പുറത്തേക്കു പോയിരിക്കണം
പോയ ആൾ തിരിച്ചു വന്നിട്ടുണ്ടോ…..
എന്നായിരിക്കാം അവൾ നോക്കിക്കൊണ്ടിരുന്നത് …..!
അവൾ ജനാലയ്ക്കൽ നിന്നു കൊണ്ടുതന്നെ
ഇടക്കിടെ ജനലഴികൾക്കിടയിലൂടെ
നോട്ടമെറിഞ്ഞുകൊണ്ട് നെയിൽ പോളിഷ് ഇട്ടു…..!!
ജനാലക്കലേക്ക് നോക്കി
അവൾക്ക് ക്ഷമ കെട്ടുകാണണം…..
അവൾ അസ്വസ്ഥതയോടെ
സോഫയിൽ വന്നിരുന്നു ….!!
അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് വന്നു
കർട്ടൻ നേരെയാക്കി മുറി ഇരുട്ടാക്കി
ചില്ലുപാത്രത്തിൽ കത്തിച്ചു വെച്ച
മെഴുകുതിരിയുടെ അരണ്ട വെളിച്ചം
മുറിയിൽ ഏതോ പ്രണയരാവിൻ്റെ
മാസ്മരികതയെ ഓർമ്മിപ്പിച്ചു….!!
ബെഡിൽ അസ്വസ്ഥതയോടെ കിടന്നു …..!!
തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥയായ
അവളുടെ നേർത്ത സാരി ചുളുക്കം വീണു….!!
അവൾ മെല്ലെ മയക്കത്തിലേക്ക് വീഴവേ …..
പെട്ടെന്ന് ………
ഫാൻ ശബ്ദത്തോടെ കറങ്ങി …….. …………!!
അവൾ ചാടിയെഴുന്നേറ്റു
വന്നു വന്നു അമ്മേ………….🤣🤣
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി
അവൾ ഫോണിൽ അമ്മയെ വിളിച്ചു
ഇങ്ങ് പോര്…………..
കരണ്ടില്ലാതെ വന്നപ്പോൾ അലക്കാനായി
അമ്മ ചേട്ടൻ്റെ വീട്ടിൽ പോയതാണ്…..!!
അവൾ അയൽപ്പക്കത്തേക്ക് തുറന്നിട്ട ജാലകങ്ങൾ കൊട്ടിയടച്ചു ……..!!
ചന്ദനമഴ തുടങ്ങാറായി…!!
അപ്പോഴേക്കും അമ്മ
എത്താതിരിക്കില്ല….!!

