രചന : മംഗളാനന്ദൻ ✍️
ചെമ്പഴന്തിയിൽ വയൽ –
വാരം വീടിനു മുന്നിൽ
കുമ്പിട്ടു നില്പൂ തൊഴു-
കയ്യുമായെന്നോർമ്മകൾ.
അറിയാമീനാടിന്റെ
പുണ്യമായ് മഹാ ഗുരു
പിറവിയെടുത്തതാ-
ണീയോലപ്പുരയ്ക്കുള്ളിൽ.
മഹിയിലസ്മാദൃശർ-
ക്കേകിയില്ലല്ലോ കാലം
മഹനീയമാം സഹ-
വാസത്തിനവസരം.
എങ്കിലും മഹാത്മാവിൻ
പാദമുദ്രകളിന്നും
അങ്കിതമായിക്കിട-
ക്കുന്ന വീഥിയിലൂടെ
സഞ്ചരിക്കുവാൻ കൊതി-
ച്ചെത്തി ഞാൻ, അടിയന്റെ
നെഞ്ചകത്തിലെ നിത്യ-
ജ്യോതിസ്സാണെന്നും ഗുരു.
ഇടതൂർന്നെങ്ങും ഫല-
വൃക്ഷങ്ങൾ വളരുന്ന
തൊടികൾ, വയലുകൾ,
കാലികൾ മേയുന്ന പുൽ-
മേടുകൾ, പാവങ്ങളാം
ഗ്രാമീണർ പാർക്കുന്ന മൺ-
വീടുകൾ, മൃഗലോകം
വാഴുന്ന വനങ്ങളും ,
ചെമ്പഴന്തിയിലന്നു
‘നാണു’വിൻ കൗമാരത്തെ
സമ്പന്നമാക്കീത്തീർത്ത
ഗ്രാമചാരുതയത്രേ.
വ്യതിരിക്തമായൊരാ
ബാല്യവും കൗമാരവും
അതിവിസ്മയത്തിന്റെ
കഥകൾ പറയുന്നു.
അച്ഛനിൽനിന്നും പ്രിയ-
മാതുലൻ തന്നിൽ നിന്നും .
സ്വച്ഛമായ് വിദ്യാഭ്യാസം
നേടിയ കുമാരന്,
അറിവിൻ മഹനീയ
നഭസ്സിൻ വാതായനം
തുറന്നു കിട്ടി, ജ്ഞാന-
മാർഗ്ഗങ്ങൾ തേടിപ്പോകാൻ.
സദ്ഗുണം പാലിക്കുവാ-
നായ് ജന്മമെടുത്തവർ
വിദ്യതൻ വെളിച്ചത്തിൽ
ജീവിതം നയിച്ചവർ,
ജാതിശ്രേണിയിൽ
പിന്നിലെങ്കിലും, വയൽവാരം
ഭൂതിയിൽ ബഹുമാന്യ-
രായിരുന്നെക്കാലവും.
എങ്കിലും “ചാതുർവർണ്ണ്യ”-
മടിച്ചേല്പിച്ച പാപ-
പങ്കിലമായ ജാതി-
ഭേദത്താൽ മുറിവേറ്റ
പഞ്ചമന്മാരെക്കുറി-
ച്ചുള്ള വ്യാകുലചിന്ത
നെഞ്ചിലേറ്റിയ യുവ-
യോഗിയായ് ത്തീർന്നു, ‘നാണു’.
പണ്ഡിതനാകും സ്വന്തം
മാതുലൻ സ്ഫുടമായി
കണ്ടെത്തി,മഹാജ്ഞാന-
തൃഷ്ണ നാണുവിന്നുള്ളിൽ.
ഉന്നതപഠനത്തി-
നയച്ചു, രാമൻപിള്ള
യെന്നൊരു ഗുരുശ്രേഷ്ഠൻ
തന്നുടെ നികടത്തിൽ.
” പെരുനെല്ലിയും” ” വെളു-
ത്തേരിയും”സതീർത്ഥ്യരായ്
ഒരുമിച്ചന്നാ ഗുരു-
കുലത്തിൽ പഠിച്ചവർ.
മുകിലിന്നുള്ളിൽ ജ്ഞാന-
സൂര്യനെ തേടും മാർഗ്ഗം ,
മികവിൻ വിദ്യാഭ്യാസ-
മങ്ങയെ പഠിപ്പിച്ചു .
ചെമ്പഴന്തി തൻ നാട്ടു-
വഴികൾ താണ്ടീടവേ
മുമ്പിലെൻ ഗുരുവിന്റെ-
യൗവനം തെളിയുന്നു.
തീണ്ടലിന്നടിയക-
ലങ്ങളെ പാലിക്കാതെ
നീണ്ട യാത്രകൾ നാട്ടു-
വഴിയിൽ നടത്തവേ,
ജാതിശ്രേണിയിൽ
താഴെയായ കീഴാളന്മാരെ
പ്രീതിയോടടുപ്പിച്ചു
നിറുത്തി, യുവയോഗി.
അൻപോടെ, പാവപ്പെട്ട
ഗ്രാമീണ കിടാങ്ങൾക്കു
ചെമ്പഴന്തിയിൽ “നാണു
വാശാ”നായിരുന്നനാൾ
വീടുവിട്ടിടയ്ക്കിടെ
മറയും യുവാവൊരു
കാടകം പൂകി ധ്യാന-
മഗ്നനായീടുന്നതും
ദിനരാത്രങ്ങളേറെ
ക്കഴിഞ്ഞു സുഹൃത്തുക്കൾ
വനമേഖലയ്ക്കുള്ളിൽ
നിന്നു കണ്ടെത്തുന്നതും
പതിവായിരുന്നെന്ന
സത്യമെൻ പ്രജ്ഞയ്ക്കുള്ളിൽ
ഗതകാലത്തിൻ ചരി-
ത്രങ്ങളെയുണർത്തുന്നു.
ഹീനമാം വർണ്ണാശ്രമ-
ധർമ്മത്തിൻ കെണിക്കുള്ളിൽ
മാനവീയതയക-
പ്പെട്ടുപോയൊരു നാട്ടിൽ
ജാതികളുണ്ടായതും
ചൂഷണം വളർന്നതും
ഭീതീദമാകുമടി-
മത്തങ്ങൾ പുലർന്നതും
പഞ്ചമർ മൃഗതുല്യ-
രാണെന്നു ഗണിച്ചതും
സഞ്ചരിക്കുവാൻ പൂർണ്ണ-
സ്വാതന്ത്ര്യം തടഞ്ഞതും
ധരയിൽ ചണ്ഡാളനായ്
പിറന്നകുറ്റത്തിനു
നരകതുല്യം നിത്യ –
യാതന വിധിച്ചതും
അവനു സ്വന്തം ശരീ-
രത്തിനുമവനിയിൽ
അവകാശമില്ലെന്ന
യാഥാർത്ഥ്യം പുലർന്നതും,
ഇവിടെ നൂറ്റാണ്ടുകൾ
പിന്നിട്ടയനീതികൾ,
അവിതർക്കിത,മിന്നു
മധർമ്മം വളരുന്നു.
പാരതന്ത്ര്യത്തിൻ നര-
കത്തിലെ കീഴാളർക്കു
നേരായ വിമോചന –
മാർഗ്ഗങ്ങൾ തിരയവേ,
ക്ഷുബ്ധസാഗരമിര –
മ്പുന്ന മാനസത്തിനു
ലബ്ധമാകുന്നു വിവേ –
കോദയം ധ്യാനാത്മകം.

