എനിക്കെത്ര വയസ്സായി
വഴിവക്കില്‍ തളരുന്നു
പഴുത്തൊരു മാവില
വിളിച്ചെന്നെ തിരക്കുന്നു.
ഉടുത്തൊരു മുണ്ടൊക്കെ
മുഷിഞ്ഞങ്ങുകറുപ്പായി
വെളുത്തിട്ടും വെളുത്തിട്ടും
പകലോനും ചുവപ്പായി.
തണലുള്ള മരമെല്ലാം
വിരലുനീട്ടി കരയുന്നു
ഇലയുള്ള വനത്തിന്റെ
പേരാകാന്‍ കൊതിക്കുന്നു.
കരിയില മണപ്പിച്ചു
പറക്കുന്ന ചുഴിക്കാറ്റില്‍
വിയര്‍ക്കുന്ന വെയിലിനു
അരയ്‌ക്കൊപ്പം പശിയേറ്റം.
തണുത്തൊരു മഴപെയ്തു
ഇറമ്പുചാല്‍ പുഴയായി
നനയാത്ത പുഴയൊക്കെ
നുരയിട്ടു നിറച്ചൂഴി .
കടമുള്ള പാണനാര്
പാരിലാകെ പറകൊട്ടി
പാടിവച്ച പതിരൊക്കെ
പുകള്‍പെറ്റ കളവായി.
ദൈവമൊരുകല്ലായി
കണ്ണുകെട്ടിയിരിക്കുന്നു
പേരുകേട്ടയധികാരി
ദൈവമായി വിലസുന്നു.
മരമായി വളര്‍ന്നിട്ടും
നടക്കാനായി വടികുത്തി
തിരിഞ്ഞോട്ടം നടക്കില്ലെ-
ന്നറിഞ്ഞു ഞാന്‍ കിതയ്ക്കുന്നു.
പരലുകള്‍ തോട്ടിലില്ല
അരിക്കാനോ ബാല്യമില്ല
മയില്‍പ്പീലിത്തുണ്ടുപുല്കും
തരളിത പ്രണയമില്ല.
നീയെന്നും ഞാനെന്നും
രണ്ടുതന്നെ എപ്പോഴും
നമ്മളെന്ന ഒറ്റവാക്യം
എഴുതാനും മറന്നേപോയ്.
ജനിക്കുമ്പോള്‍ തന്നെയൊരു
മറുവാക്ക് ജനിക്കുന്നു
മരിപ്പിന്റെ ഊഴമെത്താന്‍
വലുതായി നടക്കുന്നു.
ലിംഗഭേദമൊന്നുകൊണ്ടു
മറക്കൂട് ചമയ്ക്കുന്നു
വലിയോനായ് നടിച്ചു നാം
നടയ്ക്കുള്ളില്‍ പിടയ്ക്കുന്നു.
കുഴിയാന വലുതായി
വാ പിളര്‍ത്തിയലറുന്നു
കുടിയാന്മാര്‍ തറ്റുടുത്ത്
റാന്‍മൂളിക്കുനിയുന്നു.
നിഴല്‍പോയിയിരുട്ടായി
ഫണംമുറ്റി മുറുക്കുന്നു
വരണ്ടെന്റെ തൊണ്ടപോയി
മാന്തട്ടില്‍ ജ്വലിക്കുന്നു.
മേഘമെല്ലാം ചുരുണ്ടെന്റെ
പുരപ്പുറകൂരനോക്കി
കാലവര്‍ഷപ്പേമാരി
കുടഞ്ഞിട്ടുകരയുന്നു.
എള്ളുപൂത്തു മഞ്ഞളും
പാകമായിക്കരിയുന്നു
കടമില്ലാതുറങ്ങുന്ന
പേരിനിന്നു വയസ്സെത്ര?

ഗ്രാമീണൻ ഗ്രാമം

By ivayana

Leave a Reply

Your email address will not be published. Required fields are marked *