രചന : ഷിബി നിലാമുറ്റം ✍️
ആരോ ഉപേക്ഷിച്ചുപോയതുപോലൊരു
സന്ധ്യ കടൽക്കരയിൽ
നിശ്ശബ്ദമായി നിൽക്കുന്നു.
ഏകാന്തതയിൽ
കടുംനീലനിറം നിറയുന്നു.
ആ നിറം
കണ്ണിൽനിന്ന്
ആകാശത്തിലേക്ക്
പതിയെ പടർന്നുകയറുന്നു.
ഹൃദയത്തിൽ
ഉപ്പുകല്ലുപോലൊരു മുറിവ്
പതുക്കെ വളരുന്നു.
കടൽ,
തിരകളുടെ വെളുത്ത വിരലുകളാൽ
ഓർമ്മകളെ മായ്ക്കാൻ
വീണ്ടും വീണ്ടും ശ്രമിക്കുന്നു.
എന്നാൽ
ഓരോ തിരമടക്കവും
ശൂന്യതയെ
ആഴപ്പെടുത്തുന്നു.
എന്നിട്ടും
സ്മൃതി—
തൊടാതെ തൊട്ടും,
മിണ്ടാതെ മിണ്ടിയും,
ഒരു പൂവിന്റെ അദൃശ്യപരാഗംപോലെ
നിശ്ശബ്ദമായി പടരുന്നു.
ഒടുവിൽ
സന്ധ്യയും കടലും ഞാനും—
ഒരേ നിറത്തിൽ,
കടുംനീലയിൽ
മുങ്ങിക്കിടക്കുന്നു.
ജീവന്റെ നീലപുതപ്പിനുള്ളിൽ
ചുരുണ്ടുകിടക്കുമ്പോൾ,
അവസാനത്തെ കരച്ചിലും
കടൽപോലെ രുചിച്ചിറക്കുന്നു.
വാക്കനൽ
