ചാരത്തിന്റെ
ചുളിവുകൾക്കുള്ളിൽ
ഒരു യുഗത്തിന്റെ
ചുവന്ന മിടിപ്പ്
രാത്രി ഒളിപ്പിച്ചുവെച്ചിരുന്നു . . .
കാറ്റിന്റെ വിരൽത്തുമ്പിൽ
കനലുകൾ
ചിറകുകളില്ലാതെ പറന്നു ,
ഓരോ തീപ്പൊരിയും
അണഞ്ഞുപോയെന്നു
കരുതിയ ഒരു സ്വപ്നത്തിന്റെ
തിരിച്ചുവരവായിരുന്നു ;
ഓരോ തുള്ളി വിയർപ്പിലും
ഓരോ സൂര്യൻ വീതം
ഉരുകിവീണിട്ടും
നെറ്റിയിലെ ആകാശത്ത്
വെളിച്ചത്തിന് ഇടം കിട്ടിയില്ല ;
കാൽപ്പാടുകൾക്കടിയിൽ
കരിഞ്ഞുപോയ നാളെയുടെ
വിത്തുകൾ
ചൂടേറ്റ് പിടഞ്ഞുണർന്നു ,
മണ്ണ് തന്റെ ആഴങ്ങളിൽ
മറവിയുടെ പേരിൽ
കുഴിച്ചിട്ടതെല്ലാം
വേരുകളായി പുറത്തേക്കയച്ചു ;
നൃത്തം അവസാനിച്ചിട്ടും
ചാരത്തിനടിയിൽ
ചില ചുവന്ന അക്ഷരങ്ങൾ
മായ്ക്കാനാവാത്ത ചരിത്രംപോലെ മിടിച്ചുകൊണ്ടിരുന്നു ;
അവിടെ പുല്ലാങ്കുഴലുണ്ടായിരുന്നില്ല,
താളമുണ്ടായിരുന്നില്ല,
പാദസരങ്ങളുടെ
കിലുക്കവുമുണ്ടായിരുന്നില്ല ,
എങ്കിലും –
തകർന്ന കാലത്തിന്റെ നെഞ്ചിൽ
കനലുകൾ താളമിട്ടു ,
ഓരോ ചുവടിലും അടക്കിവെച്ച
നിലവിളികൾ
തീയുടെ ഭാഷ പഠിച്ചു ;
അണഞ്ഞുപോയെന്ന്
ലോകം വിധിയെഴുതിയ
ഇടങ്ങളിൽപ്പോലും
ചാരത്തിനടിയിൽ ഒരു തീക്കാലം
ശ്വാസമെടുക്കുന്നുണ്ടായിരുന്നു ,
കാരണം – ചില കനലുകൾക്ക്
എരിഞ്ഞുതീരാനല്ല വിധി ,
ഒരു കാലത്തിന്റെ ഇരുട്ടിനെ
അകത്തുനിന്ന് ചുട്ടെഴുതാനാണ് . . . !

ജയശ്രീ രാജേഷ്

By ivayana