വിജിത് ഇത്തി പറമ്പിൽ*

ഇന്ത്യയിൽ ആദ്യത്തെ പോസ്റ്റ് ഓഫീസ്, മെട്രോ, പ്ലാനറ്റോറിയം, ഏഷ്യയിൽ തന്നെയെന്ന് തോന്നുന്നു, കൂടുതൽ പ്ലാറ്റ്ഫോമുകൾ ഉള്ള റെയിൽവേ സ്റ്റേഷൻ, ഇന്ത്യയിൽ ആദ്യത്തെ തൂക്കുപാലം, ആദ്യത്തെ ട്രാം അങ്ങനെ പല ചരിത്ര സ്മാരകങ്ങളുടേയും സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥടാഗോർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ മഹാന്മാരുടേയും ദേശം.

അവിടേക്ക് 2003-04 ൽ ആണ് ജോലിസംബന്ധമായി പോകുന്നത്. സൂചി വീഴാനിടമില്ലാത്തത്ര തിരക്കെന്ന് കേട്ടിട്ട് മാത്രമുള്ള ഞാൻ, കൊൽക്കത്തയെന്ന മെട്രോസിറ്റിയുടെ തിരക്കു കണ്ടു പകച്ചുപോയി. അവിടെ നിന്നും മഞ്ഞയോ കറുപ്പോയെന്നോർമ്മയില്ല, ടാക്സിയിൽ ഡംഡം എയർപോർട്ടിലേക്ക്.കുതിച്ചൊഴുകുന്ന ഹൂഗ്ലി നദിക്ക് മുകളിലൂടെ, ചെറുതായിളകുന്ന ഹൗറ തൂക്കുപാലത്തിലൂടെ, അരികിൽ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളും, kirchoff law തോറ്റുപോകുന്ന ഇലക്ട്രിക് പോസ്റ്റുകളും, തിരക്കേറിയ വീഥികളിൽ ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടിൽ പതിയേ പോകുന്ന ട്രാമുകളും കണ്ടായിരുന്നു ആദ്യയാത്രയെന്ന് ഞാനിന്നുമോർക്കുന്നു.

ഒരുഭാഗത്ത് വമ്പൻ കെട്ടിടങ്ങളും മതിൽക്കെട്ടിനപ്പുറം കറുത്ത മലിനജലമൊഴുകുന്ന ചാലുകൾക്കരികിലും മുകളിലുമായി തീർത്ത ഷെഡ്ഡുകളും അവരുടെ ജീവിതവും എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.കൂട്ടത്തിൽ, ചീർത്ത മനുഷ്യരുടെ ഭാരം വലിച്ചുകൊണ്ടുപോകുന്ന കൈവണ്ടികളും സൈക്കിൾ റിക്ഷകളും. അത് നയിക്കുന്ന കനം കുറഞ്ഞ മനുഷ്യരും. ഡംഡം എയർപോർട്ടിനരികിൽ വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾക്കിടയിലെ മറവിൽ കാമം വിറ്റ് ജീവിതം നയിക്കുന്ന ചിലർ ചില്ലറത്തുട്ടുകൾ എണ്ണി നോക്കുന്നത് എത്രയോ തവണ ഞാൻ കണ്ടിരിക്കുന്നു. അന്ന് 100 രൂപ കൊടുത്താൽ ജീവനെടുക്കാൻ ആളെക്കിട്ടുമെന്നത് അതിശയോക്തിയായിരുന്നില്ല.

സമരം ഒഴിവാക്കാൻ മാസാമാസം പറ്റു വാങ്ങിയിരുന്ന യൂണിയൻ നേതാവും അവരുടെ ശിങ്കിടികളും, പാർട്ടി സെക്രട്ടറിയായിരുന്ന ചില ബംഗാളി സുഹൃത്തുക്കളും എന്താണ് അവിടത്തെ രാഷ്ട്രീയരീതികൾ എന്നത് എനിക്ക് പറഞ്ഞു തന്നു. ഷിഫ്റ്റ് അവസാനിച്ചാൽ, ഓർഡർ ഉപേക്ഷിച്ച് പോകുന്നവർ, മരം കൊണ്ടുള്ള, പഴകിയ ബസുകളിൽ രണ്ടു കണ്ടക്ടർമാർ,തന്റെ പകുതിക്കപ്പുറം കളക്ഷൻ എടുത്താൽ തമ്മിൽ തല്ലുമായിരുന്നവർ സ്ഥിരം കാഴ്ചകളായിരുന്നു.എത്ര കമ്മ്യൂണിസ്റ്റ് ആയാലും, ഭൂരിപക്ഷം പേരും മാന്ത്രികതയും താന്ത്രികവിദ്യകളും കൂടോത്രം ചരട് തുടങ്ങിയ അന്ധവിശ്വാസങ്ങളും പിന്തുടരുന്നതായി കണ്ടിട്ടുണ്ട്. അവിടെ ചെന്നപ്പോൾ ആണ്.

വ്യക്തമായി മതം തിരിച്ചുള്ള ഇടങ്ങൾ ആദ്യമായി കണ്ടത്. അത്തരമിടങ്ങളിൽ ഉള്ളവർ തമ്മിൽ പരസ്പരം സൗഹൃദം പോലും ഉണ്ടാക്കിയിരുന്നില്ല. മലയാളികളുടെ ദേശീയഭക്ഷണമായ ബീഫ് കിട്ടണമെങ്കിൽ, ഞങ്ങൾക്കവിടെ തലയിൽ മുണ്ടിട്ട് പോകണമായിരുന്നു.അവിടെ പോയെന്നോ ബീഫ് കഴിച്ചെന്നോ അറിഞ്ഞാൽ മറ്റുബംഗാളികൾ ഞങ്ങളെ പടിയടച്ചു പിണ്ഡം വെക്കും. ഇരുപത്തിയഞ്ചു കൊല്ലത്തോളമായി കമ്മ്യൂണിസ്റ്റ് മതേതര സർക്കാർ ഭരിച്ചിരുന്ന ഒരിടത്തായിരുന്നു ഇതെന്ന് ഓർക്കണം.

പറഞ്ഞുവന്നത്, വിദ്യാഭ്യാസപരമായും സാഹിത്യ പരമായും സാംസ്ക്കാരികമായും ഒരുപാട് ഉയർന്നു നിന്നിരുന്ന ബംഗാളിന്റെ, ഇന്നത്തെ ഈ നശിച്ച അവസ്ഥയ്ക്ക് പിന്നിൽ അന്നത്തെ ഭരണത്തിന്റെ അവശേഷിപ്പുകൾ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.അവിടെ റൂം വൃത്തിയാക്കാൻ വന്നിരുന്ന ചേച്ചിയുടെ മകൾ ‘കവിത’യെ ഞാനോർക്കുന്നു. പെങ്ങൾ എന്ന് പറയുമ്പോൾ എനിക്കിന്നുമവളെയാണോർമ്മ വരിക.

പലവീടുകളിലും അമ്മയുടെ കൂടെ, സഹായിക്കാൻ പോയിരുന്ന അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. അതിലൊരു നല്ല വീട്ടുകാർ ആയിരുന്നു അവളുടെ പഠനകാര്യങ്ങൾ നോക്കിയിരുന്നത്. ജോലി നിർത്തിപോരുമ്പോൾ അവൾ സമ്മാനിച്ച പേനയിന്നും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കൊൽക്കത്ത സമ്മാനിച്ച അപൂർവ്വം ചില നല്ലയോർമ്മകളിൽ ഒന്നായി സോദരി, നിന്നെ ഞാനിന്നുമോർക്കുന്നു. നിനക്കായി പ്രാർത്ഥിക്കുന്നു.

By ivayana